
ന്യൂഡൽഹി/ദോഹ: ഖത്തർ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴമേറിയ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഖത്തറിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും അത്യുന്നതങ്ങളിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ഫാദർ അമീറെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഭാരതത്തിന്റെ അടുത്തൊരു സുഹൃത്തായിരുന്നു അദ്ദേഹമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക അനുശോചനം നേരിട്ടറിയിക്കുന്നതിനായി കേന്ദ്ര പാർലമെന്ററി കാര്യ-ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ഉടൻ തന്നെ ഖത്തർ സന്ദർശിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ദോഹയിലെത്തുക.
ഫാദർ അമീറിന്റെ നിര്യാണത്തെ തുടർന്ന് അന്തർദേശീയ തലത്തിൽ നിന്ന് വലിയ തോതിലുള്ള അനുശോചന പ്രവാഹമാണ് ഖത്തറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. തുർക്കി ചെക്ക് റിപ്പബ്ലിക്, ഉക്രൈൻ, അസർബൈജാൻ, പോളണ്ട്, ക്രോയേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളും ഖത്തർ ഭരണകൂടത്തെയും ജനങ്ങളെയും തങ്ങളുടെ ദുഃഖം അറിയിച്ചിട്ടുണ്ട്.
ആധുനിക ഖത്തറിന്റെ ശില്പിയായ ഫാദർ അമീർ, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവുകൂടിയാണ്.










